Saturday, June 26, 2010

I am a Bachieee

മനസ്സ് പ്രക്ഷുബ്ധമാണ്..
പണ്ടൊക്കെ എന്ത് സുഖമായിരുന്നു...ഓര്‍മ്മകള്‍, അവ ഞാനൊന്ന് അയവിറക്കുന്നു..ചം, ചം, ചം..
"ഹായ് മനു, ആര്‍ യൂ മാരീഡ്?""നോ, നോ, ഐയാം എ ബാച്ചി""ബാച്ചി?""യെസ്സ്, ബാച്ചി"മച്ചി, കൊച്ചി, പിച്ചി എന്നൊക്കെ പറയുന്ന പോലെ ബാച്ചി!!!പറയാനും, കേള്‍ക്കാനും ഇമ്പമുള്ള വാക്ക്.
ഓഫീസില്‍ ചെല്ലുമ്പോള്‍ ബോസ്സ് 'എന്താടാന്ന്' ചോദിച്ചാല്‍ 'നീ പോടാന്ന്' പറയാനുള്ള ചങ്കൂറ്റം, ഇനി ഇവിടെ ജോലി ചെയ്യേണ്ടാന്ന് എച്ച്.ആര്‍ പറഞ്ഞാല്‍, 'ചുവന്ന നൈലോണ്‍ സാരിയില്‍ നിങ്ങള്‍ സുന്ദരിയാണെന്ന്' സൂചിപ്പിക്കാനുള്ള മഹാമനസ്ക്കത, ഇത്രേം ശമ്പളമേ തരൂന്ന് കമ്പനി പ്രഖ്യാപിച്ചാല്‍ 'ഐ ഡോണ്ട് ലൈക്ക് ദിസ്സ് ഡേര്‍ട്ടി കമ്പനി' എന്ന് വിളിച്ച് കൂവാനുള്ള ആര്‍ജ്ജവം, എന്നിങ്ങനെ എണ്ണപ്പെട്ട കഴിവുകള്‍ ഈ ബാച്ചി ലൈഫില്‍ എന്നോടൊപ്പമുണ്ടായിരുന്നു.
പക്ഷേ കല്യാണം കഴിഞ്ഞതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു...ജോലി ഉണ്ടായിട്ട് വക വയ്ക്കാത്തവര്‍ (ഭാര്യയല്ല!), ജോലി ഇല്ലെങ്കില്‍ എങ്ങനെ ട്രീറ്റ് ചെയ്യും എന്നത് മനോമുകുരത്തില്‍ മൊട്ടായി വിരിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു, ഓഫീസില്‍ ഇനി ഞാന്‍ ഒരു മര്യാദരാമന്‍ ആയിരിക്കും.അങ്ങനെ ഞാന്‍ ഒരു പുതിയ ജീവിതം ആരംഭിച്ചു, അതോടെ എന്‍റെ ദിവസങ്ങള്‍ തിരക്ക് പിടിച്ചതായി തുടങ്ങി.
എന്നും രാവിലെ സഹധര്‍മ്മിണിയുടെ ആവലാതികള്‍.."ചേട്ടാ, ഉപ്പില്ല, മുളകില്ല, പാലില്ല, തൈരില്ല...."വൈകിട്ട് കൊണ്ട് വരാമേ!!!!
ഓഫീസില്‍ പ്രോജക്റ്റ് മാനേജരുടെ അന്വേഷണങ്ങള്‍.."ഡോക്കുമെന്‍റ്‌ എവിടെ? കോഡ് എവിടെ? ആപ്ലിക്കേഷന്‍ എവിടെ?"ഇപ്പോ തയാറാക്കാമേ!!!!
ഇടക്കിടെ എച്ച്. ആര്‍ (കമ്പനിയിലെ ഏറ്റവും സുന്ദരി) വരും..കുണുങ്ങി കുണുങ്ങിയുള്ള വരവ് കാണുമ്പോള്‍ ഊഹിച്ചോണം, ഇട്ടിരിക്കുന്നത് പുതിയ ഡ്രസ്സാ.അതിനെ പറ്റിയുള്ള അഭിപ്രായം അറിയാനുള്ള വരവാ.നമ്മളായിട്ട് എന്തിനാ കുറക്കുന്നത്, വെറുതെ വച്ച് കാച്ചി:"മേഡം, ഈ ഡ്രസ്സില്‍ സുന്ദരി ആയിരിക്കുന്നു"അവരൊന്ന് വെളുക്കെ ചിരിച്ചു, എന്നിട്ട് പരിഭവത്തോടെ ചോദിച്ചു:"എന്താ മനു, ഈ ഡ്രസ്സിടുമ്പോള്‍ മാത്രമാണോ ഞാന്‍ സുന്ദരി ആയത്?"'അയ്യോ അല്ലേ, ഡ്രസ്സൊന്നും ഇട്ടില്ലെങ്കിലും മാഡം സുന്ദരിയാണേ' എന്ന് പറയാന്‍ വന്നത് മനപൂര്‍വ്വം വിഴുങ്ങി, പകരം ഒരു ചിരി ചിരിച്ചു, നാക്ക് വച്ച് ചുണ്ടൊന്ന് നനച്ചു(വെറുതെ!), അത്രമാത്രം.
വൈകിട്ട് വീട്ടിലെത്തി സഹധര്‍മ്മിണിയോട് ഈ തമാശ ഉണര്‍ത്തിച്ചു, എല്ലാം കേട്ടപ്പോള്‍ അവളും പൊട്ടിച്ചിരിച്ചു.തുടര്‍ന്ന് കിരണ്‍ ടീവി ഓണ്‍ ചെയ്തു കൊണ്ട് ഊണ്‌ കഴിക്കാന്‍ ഇരുന്നു.വിഷമങ്ങള്‍ മറന്ന് പൊട്ടിച്ചിരിക്കാന്‍ താഹ ഒരുക്കിയ മലയാളം പടം..ഈ പറക്കും തളിക!!ദിലീപിന്‍റെയും ഹരിശ്രീ അശോകന്‍റെയും തമാശകള്‍ കണ്ട്കൊണ്ട്, മാമ്പഴപുളിശ്ശേരിയും, കടുമാങ്ങായും കൂട്ടി കുഴച്ച് വലിയൊരു ഉരുള വായിലേക്ക് വച്ചപ്പോള്‍ സഹധര്‍മ്മിണി ചോദിച്ചു:"എച്ച്. ആറിലെ ആ പെണ്ണ്‌ അത്ര സുന്ദരിയാണോ?"ഗ്ലും!!!!ഉരുള അറിയാതെ വിഴുങ്ങി പോയി!!!കര്‍ത്താവേ, പണിയായോ??"ആണോ ചേട്ടാ, സുന്ദരിയാണോ?"ആയി, പണിയായി!!!ശെടാ, ഒന്നും വേണ്ടായിരുന്നു.ഒടുവില്‍ അവള്‍ക്ക് സമാധാനമാകട്ടെ എന്ന് കരുതി പറഞ്ഞു:"ഹേയ്, ഇന്ന് ആ ഡ്രസ്സില്‍ കൊള്ളാമെന്ന് തോന്നി, അതാ പറഞ്ഞത്"ഇത് കേട്ടതും വാമഭാഗത്തിന്‍റെ മുഖമിരുണ്ടു."ഹും! ഞാന്‍ എത്രയോ പുതിയ ഡ്രസ്സിട്ടിരിക്കുന്നു.അന്നൊന്നും നിങ്ങളിത് പറഞ്ഞിട്ടില്ലല്ലോ?"ഹാവു, പൂര്‍ത്തിയായി!!
എന്താണാവോ ഈ സന്ദര്‍ഭത്തിനു ചേര്‍ന്ന പഴംചൊല്ല്..മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണെന്നോ??അതോ നായരു പിടിച്ച പുലി വാലെന്നോ??എന്തായാലും ഭേഷായി!!
എന്തൊക്കെയോ വിളിച്ച് കൂവി കൊണ്ട് അവള്‍ അടുക്കളയിലേക്ക് കയറി.ഏതൊക്കെയോ പാത്രങ്ങള്‍ താഴെ വീഴുന്ന ശബ്ദം, നാലഞ്ച് പ്ലേറ്റുകള്‍ അന്തരീക്ഷത്തിലൂടെ പറന്നു പോയി.സംഭവവികാസങ്ങളെ കുറിച്ച് അറിയാതെ ആ മുഹൂര്‍ത്തത്തില്‍ വീട്ടിലേക്ക് കടന്ന് വന്ന അളിയന്‍ ഒന്ന് അമ്പരന്നു, എന്നിട്ട് അന്തം വിട്ട് ചോദിച്ചു:
"എന്താദ്?"
അതിനു മറുപടി എണ്ണായിരം രൂപ കൊടുത്ത് ഞാന്‍ വാങ്ങിയ ടീവിയുടെ വക ആയിരുന്നു..
"പറക്കും തളിക..ഇത് മനുഷ്യരെ കറക്കും തളിക.."
അത് കേട്ടിട്ടും മനസിലാവാത്ത അളിയന്‍ വീണ്ടും തിരക്കി::"എന്താ ചേട്ടാ കാര്യം?""ഒരു ബാച്ചിയല്ലാത്ത ഞാനൊരു തമാശ കാച്ചി, അത് കേട്ട് അവളെന്നെ കീച്ചി""എന്ത് തമാശ?"ഛേ, ഛേ, അതൊരു വൃത്തികെട്ട തമാശയാ, അളിയന്‍ കേള്‍ക്കേണ്ടാ!!
ഇതാണ്‌ ജീവിതം.
കൊച്ചു കൊച്ചു ടെന്‍ഷനുകളുമായി എന്നും ഒരോ പുകിലുകള്‍.മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ പാമ്പായി എന്നെ കൊത്തി തുടങ്ങി.വന്ന് വന്ന് എല്ലാത്തിലും ടെന്‍ഷനായി.അങ്ങനെ വിഷമിച്ചിരിക്കെ സഹപ്രവര്‍ത്തകയായ ശാലിനി എന്‍റെ അരികില്‍ വന്നു.."എന്താ മനു, എന്ത് പറ്റി?"ഒട്ടും കുറച്ചില്ല, ഇച്ഛിരി കട്ടിക്ക് പറഞ്ഞു:"മനസ്സ് പ്രക്ഷുബ്ധമാണ്‌ ശാലിനി"അര്‍ത്ഥം മനസിലായില്ലെങ്കിലും, ഞാന്‍ ടെന്‍ഷനിലാണെന്ന് അവള്‍ക്ക് മനസിലായി.അവള്‍ എന്നെ ഉപദേശിച്ചു:"മനു യോഗക്ക് പോ, മനസ്സ് ശാന്തമാകും, മാത്രമല്ല നല്ല കണ്‍ട്രോളും കിട്ടും"ഓഹോ, എന്നാ അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ!!
അങ്ങനെ ശാലിനി സ്ഥിരമായി യോഗ ചെയ്യുന്നിടത്ത് എന്നെയും കൂട്ടി കൊണ്ട് പോയി.അവിടെ ശാലിനിയെ കൂടാതെ എന്‍റെ ഓഫീസിലെ കുറേ ലലനാമണികളും, സുന്ദരകുട്ടപ്പന്‍മാരും ഉണ്ട് എന്നത് എനിക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നു.
യോഗ പഠിപ്പിക്കുന്ന രവീന്ദ്രന്‍മാഷ് ആഗതനായി.ശാലിനി എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയപ്പോള്‍ മാഷ് ചോദിച്ചു:"ആസനം വല്ലതും അറിയാമോ?"അയ്യേ!!!എന്ത് വൃത്തികെട്ട ചോദ്യം!!!!ശാലിനിയുടെ മുമ്പില്‍ വച്ച് എന്ത് മറുപടി നല്‍കുമെന്ന് കരുതി തല താഴ്ത്തി നിന്നപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു:"പറയൂ, ആസനം വല്ലതും പരിചയമുണ്ടോ?""അത് ഓഫീസില്‍ കൂടെ ജോലി ചെയ്യുന്നവരുടെ എല്ലാം മുഖം പരിചയമുണ്ട്, പക്ഷേ....""പക്ഷേ....?""ആസനം ഒന്നും പരിചയമില്ല"ഠോ!!!രവീന്ദ്രന്‍ മാഷിന്‍റെ തലക്കകത്ത് ഒരു കതിന പൊട്ടി!!!അദ്ദേഹത്തിനു എന്നെ കുറിച്ച് നല്ല മതിപ്പായെന്ന് തോന്നുന്നു.
അന്ന് അവിടുന്ന് ഇറങ്ങിയപ്പോള്‍ ശാലിനി എന്നോട് പറഞ്ഞു:"സാറ്‌ ആസനം എന്ന് പറയുന്നത് ക്രിയക്കാ""എന്ത് ക്രിയക്ക്?""യോഗയിലെ ഒരോ മുറകള്‍ക്ക്""ഓഹോ, അപ്പോള്‍ ശരിക്കുള്ള ആസനത്തിനു ഇങ്ങേര്‌ എന്തോന്നാ പറയുന്നത്?"ഇക്കുറി കതിന പൊട്ടിയത് ശാലിനിയുടെ തലക്കകത്താ!!പാവം കൊച്ച്..എന്‍റെ ബുദ്ധിപരമായ ചോദ്യത്തിനു അവള്‍ക്ക് മറുപടിയില്ല!!അല്ലേലും ഞാന്‍ പണ്ടേ ഇങ്ങനാ, എന്‍റെ സംശയങ്ങള്‍ ആരുടെയും വാ അടപ്പിക്കും.
യോഗാഭ്യാസത്തിന്‍റെ ആദ്യദിനങ്ങള്‍...രവീന്ദ്രന്‍ മാഷ് ക്രീയകള്‍ ഒരോന്ന് കാണിച്ച് തന്നു തുടങ്ങി..നല്ല പെടപ്പ് സാധനങ്ങള്‍, ഒരോന്നിനും വെടിക്കെട്ട് പേരുകളും, ഒട്ടും സഹിക്കാന്‍ പറ്റാതെ പോയത് അവയുടെ ഗുണങ്ങള്‍ വിവരിച്ചതാണ്.
"ഇത് പവനമുക്താസനം, മലശോധന മെച്ചപ്പെടാന്‍ ഗംഭീരം""ഇതാണ്‌ മല്‍സ്യാസനം, ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കും""ഇപ്പോ കാണുന്നത് ധനുരാസനം, പൃഷ്ഠത്തിലെ പേശികള്‍ക്ക് നല്ല വ്യായാമം തരും"
മേല്‍ സൂചിപ്പിച്ചതൊന്നും എന്നെ ബാധിക്കുന്നത് അല്ലാത്തതിനാലും, മേലനങ്ങി പണി എടുക്കുന്നത് പണ്ടേ ഇഷ്ടമല്ലാത്തതിനാലും ഞാന്‍ സത്യം ബോധിപ്പിച്ചു:"അട്ട ചുരുളുന്ന പോലെ ഉള്ളതല്ലാതെ വേറെ ഒന്നും ഇല്ലേ?"അതിനു മറുപടിയായി മലര്‍ന്ന് കിടന്ന് അദ്ദേഹം മൊഴിഞ്ഞു:"ഇത് തനിക്ക് പറ്റിയതാ, ശവാസനം"ശവം!!!
വെളുപ്പാന്‍ കാലത്ത് സ്വന്തം ബഡ്റൂമില്‍ കിടന്നുറങ്ങേണ്ട ഞാന്‍, മാസം അഞ്ഞൂറ്‌ രൂപ ഫീസു കൊടുത്ത് രവീന്ദ്രന്‍ മാഷിന്‍റെ യോഗക്ലാസില്‍ പോയി ശവാസനം ചെയ്യാന്‍ തുടങ്ങി.അഞ്ഞൂറ്‌ രൂപ പോയെങ്കിലെന്താ മനസ്സ് ശാന്തമായി.വിവരം അറിഞ്ഞപ്പോള്‍ അപ്പച്ചിയുടെ മോള്‍ ഗായത്രിയോട് ചോദിച്ചു:"മനുവിന്‍റെ ടെന്‍ഷന്‍ ഒക്കെ മാറിയോ?""ഉം. യോഗ ചെയ്തതില്‍ പിന്നാ"അതോടെ ചേച്ചിയുടെ ചോദ്യം എന്‍റെ നേരെയായി:"മനു, ഇവിടുത്തെ ചേട്ടനു അവിടൊരു അഡ്മിഷന്‍ ശരിയാക്കാമോ?"അഞ്ഞൂറ്‌ രൂപ കൊടുത്ത് ശവാസനം ചെയ്യാന്‍ ഒരാള്‍ കൂടി!!ചേച്ചിയെ നിരാശപ്പെടുത്താനായി പറഞ്ഞു:"എന്‍റെ കൂടെ ജോലി ചെയ്യുന്ന ശാലിനിയാ അവിടെ എനിക്ക് അഡ്മിഷന്‍ ശരിയാക്കിയത്, അവളോട് ചോദിച്ച് നോക്കട്ടെ, ഉറപ്പില്ല""ശരി, അത് മതി"
ചേച്ചി പോയപ്പോള്‍ ഗായത്രി അരികിലെത്തി:"ആരാ ഈ ശാലിനി?"ഈശ്വരാ!!!!! പുലിവാലായോ?? തേങ്ങാ വീണോ??"അത് കൂടെ ജോലി ചെയ്യുന്ന പെണ്ണാ" അലക്ഷ്യമായ മറുപടി."അവടെ കൂടാണോ ഇത്ര നാളും യോഗക്ക് പോയത്?" ഒരു ക്ലാരിഫിക്കേഷന്‍ ചോദ്ദ്യം.യെസ്സ് ഓര്‍ നോ?? എന്തോ പറയും??സത്യം ദുഃഖമാണുണ്ണി, കള്ളമല്ലോ സുഖപ്രദം!!"ഹേയ് അല്ല, ശാലിനി യോഗ ചെയ്യില്ല"
ഇങ്ങനെ കൊച്ച് കൊച്ച് കള്ളങ്ങളുമായി ജീവിതം വീണ്ടും മുമ്പോട്ട്.മനസ്സ് ഇപ്പോഴും പ്രക്ഷുബ്ധമാണ്..
ഒരോ പയ്യന്‍മാരെ കാണുമ്പോള്‍ അറിയാതെ ഞാനും ചോദിക്കും:"ആര്‍ യൂ മാരീഡ്?""നോ, നോ, ഐയാം എ ബാച്ചി"ആണല്ലേ??നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!

No comments: